ബില്ലുകള്‍ അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല; മൂന്നു മാസത്തിനകം തീരുമാനമെടുക്കണം: സുപ
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ബില്ലുകളുടെ കാര്യത്തില്‍ പരമാവധി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം എന്നും, അത് സ്വീകരിക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും, ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശത്തിന് കീഴിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് ഈ വിഷയത്തില്‍ വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ ചുമതല സംസ്ഥാനസര്‍ക്കാരിന്റെ പ്രവൃത്തികളെ തടയുക അല്ല, മറിച്ച് അവയെ നടപ്പിലാക്കുന്നതിന് പിന്തുണ നല്‍കുകയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്കും കോടതി അംഗീകാരം നല്‍കി. "ഒരു ഭരണഘടന എത്ര നല്ലതായാലും അതിനെ നടപ്പിലാക്കുന്നവരാണ് അതിന്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്," എന്ന അംബേദ്കറിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള അധികാരപോരാട്ടം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന കോടതി ഉത്തരവ്.